ലണ്ടനിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ടു; 44-കാരൻ അറസ്റ്റിൽ

ലണ്ടൻ:ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ ഇന്ത്യൻ വംശജയായ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്സിലെ ഒരു വസതിയിൽ നടന്ന ആക്രമണത്തിലാണ് 24-കാരിയായ കിരൺദീപ് കൗർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 44-കാരനായ ഡാനിയൽ ഷോൺ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, മാരകായുധം കൈവശം വച്ചത് എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

പഞ്ചാബിലെ തർൺതാരൻ സ്വദേശിനിയായ കിരൺദീപ് കൗർ രണ്ട് വർഷം മുമ്പാണ് വിദ്യാർഥി വിസയിൽ ബ്രിട്ടനിലെത്തിയത്. തുടർന്ന് വർക്ക് പെർമിറ്റ് ലഭിച്ചതോടെ അവിടെ ജോലി ചെയ്യുകയായിരുന്നു. സംഭവത്തിൽ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *