പന്തളം: പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ ഉണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ കാൽപ്പാദത്തിന് ഗുരുതരമായി പരിക്കേറ്റു. എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും പാറ്റൂർ സ്വദേശിനിയുമായ അലീസയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് വിദ്യാർത്ഥിനി സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെയാണ് സ്വകാര്യ ബസ് കാൽപ്പാദത്തിലൂടെ കയറിയിറങ്ങിയത്. അപകടം നടന്ന ഉടൻ തന്നെ അവിടെയുണ്ടായിരുന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് അലീസയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ കാൽപ്പാദത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. തിരക്കേറിയ ബസ് സ്റ്റാൻഡിനുള്ളിൽ ബസുകളുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

