തിരുവനന്തപുരം വിമാനത്താവളത്തിൽ വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ (ടി2) വിപുലീകരിച്ച പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു. യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിലായി വിപുലമായ വിസ്തൃതിയിലാണ് പുതിയ ഷോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ രണ്ട് പുതിയ ഔട്ട്‌ലെറ്റുകളാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇതിൽ ഒരു സ്റ്റോർ ഇറക്കുമതി ചെയ്ത പ്രമുഖ ബ്രാൻഡുകളുടെ മിഠായികൾ, പെർഫ്യൂമുകൾ, മറ്റ് ട്രാവൽ ആക്സസറികൾ എന്നിവയ്ക്ക് മാത്രമായി പ്രത്യേകം മാറ്റിവെച്ചിരിക്കുന്നു. ഹാൻഡ്‌ബാഗുകൾ, സൺഗ്ലാസുകൾ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

അറൈവൽ ഏരിയയിൽ കൺവെയർ ബെൽറ്റിന് എതിർവശത്തായാണ് പുതിയ ഷോപ്പ് ക്രമീകരിച്ചിരിക്കുന്നത്. വിദേശത്തു നിന്നും എത്തുന്ന യാത്രക്കാർക്ക് തങ്ങൾക്ക് ആവശ്യമുള്ള ബ്രാൻഡുകൾ വളരെ എളുപ്പത്തിൽ സ്വയം തിരഞ്ഞെടുക്കാനും ബില്ലിങ് നടത്താനും സാധിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവുകളെയും വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുണ്ട്. വിപുലീകരിച്ച ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *