മെൽബണിൽ സ്കൂളിന് സമീപം ആയുധധാരി ; മണിക്കൂറുകളോളം നീണ്ട ആശങ്കയ്ക്കൊടുവിൽ പ്രതി പിടിയിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ആയുധധാരിയായ ഒരാൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിൽ നിലയുറപ്പിച്ചതിനെ തുടർന്ന് സമീപത്തെ ഹൈസ്‌കൂൾ മണിക്കൂറുകളോളം അടച്ചിട്ടു. ഫുട്‌സ്‌ക്രേയിലെ ബാർക്‌ലി സ്ട്രീറ്റിലുള്ള ഒരു കെട്ടിടത്തിനുള്ളിൽ ഉച്ചയ്ക്ക് 2.15-ഓടെയാണ് 44-കാരനായ ഒരാളെ ആയുധങ്ങളുമായി കണ്ടത്. ഇതേത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ഫുട്‌സ്‌ക്രേ ഹൈസ്‌കൂളിന്റെ ബാർക്‌ലി കാമ്പസ് പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്യുകയായിരുന്നു. വിദ്യാർത്ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും പോലീസിന്റെ നിർദ്ദേശപ്രകാരമാണ് സ്കൂൾ അടച്ചിട്ടതെന്നും പ്രിൻസിപ്പൽ ജിലിയൻ ഇംഗ്ലീഷ് രക്ഷിതാക്കളെ ഇമെയിൽ വഴി അറിയിച്ചു.

കെട്ടിടത്തിനുള്ളിൽ നിലയുറപ്പിച്ച പ്രതിയുമായി പോലീസ് ദീർഘനേരം ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ ഉച്ചകഴിഞ്ഞ് 3.45-ഓടെ പോലീസിന് നേരെ പ്രതിരോധം തീർത്ത ഇയാളെ പോലീസ് ടേസർ (Taser) തോക്കുകൾ ഉപയോഗിച്ച് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ പോലീസ് കാവലിൽ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രതി തമ്പടിച്ചിരുന്ന സ്ഥലത്തുനിന്നും മൂർച്ചയേറിയ ആയുധങ്ങളും വ്യാജ തോക്കുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *