മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നിറങ്ങി എട്ടാം മാസം വയോധികനെ തല്ലിക്കൊന്നു; പ്രതിയുടെ ചികിത്സാവിവരങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവ്

സിഡ്നി: മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് മോചിതനായി എട്ട് മാസങ്ങൾക്ക് ശേഷം പ്രതി വയോധികനെ അടിച്ചുകൊന്ന സംഭവത്തിൽ, പ്രതിക്ക് ലഭിച്ച ക്ലിനിക്കൽ പരിചരണത്തെക്കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് എൻ.എസ്.ഡബ്ല്യു സർക്കാർ. കഴിഞ്ഞ ശനിയാഴ്ച സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ യെന്നോറയിൽ പ്രഭാതസവാരിക്കിറങ്ങിയ ക്വാങ് മൈ ഫാം (74) എന്ന വയോധികനാണ് കോറം ആഷ് (45) എന്നയാളുടെ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. മരപ്പലക കൊണ്ട് തലയ്ക്കടിയേറ്റ ഫാം, ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പ്രതിയായ കോറം ആഷിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആഷ്, കഴിഞ്ഞ നവംബറിലാണ് ആശുപത്രിയിൽ നിന്നും മോചിതനായതും തുടർന്ന് സിഡ്നിയിലെ സപ്പോർട്ടഡ് ഹൗസിംഗിൽ താമസമാക്കിയതും. ഇയാളുടെ മാനസികനില വീണ്ടും വഷളാകുന്നതായി അടുത്തിടെ ആശങ്കകൾ ഉയർന്നിരുന്നുവെന്നും, വിവിധ സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയാണ് ഈ ദുരന്തത്തിന് കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഷിന് മുൻ ആഴ്ചകളിൽ ലഭിച്ച ചികിത്സയെക്കുറിച്ച് അന്വേഷിക്കാൻ ആക്ടിങ് മാനസികാരോഗ്യ മന്ത്രി സ്റ്റീവ് വാൻ ഉത്തരവിട്ടത്. അതേസമയം, സംഭവത്തിൽ വിശദമായ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *