വാഷിങ്ടൺ: 2020-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന് വിജയിക്കാനായി ചൈന ഇടപെട്ടുവെന്ന ആരോപണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഉന്നയിച്ചു. രഹസ്യസ്വഭാവം നീക്കിയ രഹസ്യാന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്ന് ട്രംപ് അവകാശപ്പെട്ടു. ചൈന അമേരിക്കയിലെ കോടിക്കണക്കിന് വോട്ടർമാരുടെ വിവരങ്ങൾ അനധികൃതമായി കൈവശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ട്രംപിന്റെ ആരോപണം ചൈന ശക്തമായി തള്ളി. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ ചൈന ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ “അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്” എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു. ആഭ്യന്തര രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചൈനയെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും ബെയ്ജിങ് ആവശ്യപ്പെട്ടു.
ട്രംപിന്റെ ആരോപണങ്ങൾക്ക് പിന്തുണയാകുന്ന സ്വതന്ത്ര തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 2020-ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മുൻ അമേരിക്കൻ രഹസ്യാന്വേഷണ വിലയിരുത്തലുകളിൽ, തിരഞ്ഞെടുപ്പ് ഫലം മാറ്റിയെന്ന തരത്തിൽ ചൈന ഇടപെട്ടതിന് തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

