പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടം; അവിശ്വാസ പ്രമേയം പാസായി

കോട്ടയം: പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് നഗരസഭയിലെ ഭരണം നഷ്ടമായി. 26 അംഗ കൗൺസിലിൽ ഹാജരായ 17 അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

എൽഡിഎഫിലെ 12 അംഗങ്ങൾക്കൊപ്പം കോൺഗ്രസിലെ നാല് കൗൺസിലർമാരും പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. കോൺഗ്രസ് വിമതയായി വിജയിച്ച സ്വതന്ത്ര അംഗവും നഗരസഭ ഉപാധ്യക്ഷയുമായ മായാ രാഹുലും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഇതോടെയാണ് യുഡിഎഫ് ഭരണസമിതി പുറത്തായത്.

കോൺഗ്രസ് കൗൺസിലർമാർ പാർട്ടി വിപ്പ് ലഭിച്ചിരുന്നില്ലെന്നും പ്രാദേശിക കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് വോട്ട് ചെയ്തതെന്നും പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെന്ന വിശേഷണമുള്ള ദിയ ബിനു പുളിക്കക്കണ്ടം ഇതോടെ സ്ഥാനമൊഴിയേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *