പാലക്കാട്: മുണ്ടൂര്‍-തൂത സംസ്ഥാന പാതയില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഒരു മാസത്തിനകം അടിയന്തര പരിഹാര നടപടികള്‍ നടപ്പിലാക്കണമെന്ന് മന്ത്രി കെ.എ. തുളസി കെ.എസ്.ടി.പി.യോട് നിര്‍ദ്ദേശിച്ചു. റോഡ് നവീകരണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി കളക്ടറേറ്റിൽ വിളിച്ചുചേര്‍ത്ത സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനപ്രതിനിധികള്‍, കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പാലക്കാട് ആര്‍.ടി.ഒ., പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘം റോഡിലെ അപകട മേഖലകള്‍ നേരിട്ട് സന്ദര്‍ശിക്കും. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് അപകടരഹിത ഗതാഗതം ഉറപ്പാക്കണമെന്നും, റോഡപകടങ്ങൾ പരിഹരിക്കുന്നതിനും നിര്‍മ്മാണത്തിലെ അപാകതകൾ തിരുത്തുന്നതിനും സാമ്പത്തിക സ്ഥിതി തടസ്സമാകില്ലെന്നും മന്ത്രി അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് അവലോകന യോഗം ചേരണമെന്നും മന്ത്രി നിർദ്ദേശം നൽകി.
കഴിഞ്ഞ എട്ടു മാസത്തിനിടെ 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യം ഇനിയും ആവര്‍ത്തിക്കരുതെന്ന് മന്ത്രി വ്യക്തമാക്കി. കെ.എസ്.ടി.പി. നടപ്പിലാക്കുന്ന പരിഹാര നടപടികളില്‍ അതാതു മേഖലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉൾപ്പെടുത്തണം. ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍, ഹൈസ്പീഡ് ക്യാമറകള്‍, സ്പീഡ് ബ്രേക്കറുകള്‍, സ്ട്രിപ്പുകള്‍ എന്നിവ ആവശ്യമായ സ്ഥലങ്ങളില്‍ അടിയന്തരമായി സ്ഥാപിക്കണം. ചെര്‍പ്പുളശ്ശേരി നഗരസഭ, കടമ്പഴിപ്പുറം, തൃക്കടീരി, മുണ്ടൂര്‍, കോങ്ങാട്, ശ്രീകൃഷ്ണപുരം തുടങ്ങിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മേഖലകളിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്തണമെന്നും യോഗത്തിൽ തീരുമാനമായി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. സുധീര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, എ. പ്രഭാകരന്‍, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബീന, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സൂര്യ, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമദാസ് തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

