തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30-ന് സംഘടിപ്പിക്കുന്ന ഘോഷയാത്ര മുൻവർഷങ്ങളേക്കാൾ കൂടുതൽ ആകർഷകമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന ഘോഷയാത്ര കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്രധാന ഓണാഘോഷ പരിപാടികൾ തിരുവനന്തപുരത്താണ് സംഘടിപ്പിക്കുന്നത്. ‘പുതുയുഗ കേരളം’ എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടായിരിക്കണം ഫ്ലോട്ടുകൾ സജ്ജീകരിക്കേണ്ടതെന്ന് മന്ത്രി നിർദ്ദേശിച്ചു. ഘോഷയാത്ര കൂടുതൽ മനോഹരമാക്കാൻ പുതിയ ആശയങ്ങൾ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഘോഷയാത്രയുടെ ഒരുക്കങ്ങൾ വകുപ്പുകൾ നേരത്തെ തന്നെ ആരംഭിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിൻ്റെ പ്രധാന വകുപ്പുകളുടെ സഹകരണവും ഓണം വാരാഘോഷത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഘോഷയാത്രയ്ക്ക് തടസ്സങ്ങളില്ലാതെ കടന്നുപോകുന്നതിന് കെ.എസ്.ഇ.ബിയും ഫയർഫോഴ്‌സും സൗകര്യമൊരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഘോഷയാത്ര കമ്മിറ്റി ചെയർമാൻ എൻ. ശക്തൻ എം.എൽ.എ, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ആർമി, നേവി, കോസ്‌റ്റ് ഗാർഡ് പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

