മുളന്തുരുത്തി: മുളന്തുരുത്തിയിൽ പുതിയ റവന്യൂ ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിർമ്മാണ നടപടികളുടെ ഭാഗമായി സംസ്ഥാന ഹൗസിംഗ് ബോർഡ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സർവേ ജോലികൾ വൈകാതെ പൂർത്തിയാക്കുമെന്നും ആവശ്യമായ ഫണ്ട് വേഗത്തിൽ ലഭ്യമാക്കി പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
സ്ഥലപരിശോധന വേളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, റവന്യൂ, രജിസ്ട്രേഷൻ, പൊതുമരാമത്ത്, ഹൗസിംഗ് ബോർഡ്, ട്രഷറി ഉദ്യോഗസ്ഥർ എന്നിവരുമായി ഉദ്യോഗസ്ഥ സംഘം ആശയവിനിമയം നടത്തി. സർവേ പൂർത്തിയാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കും.
1907 മുതൽ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചുവന്നിരുന്ന പഴയ കെട്ടിടം നിലവിൽ നാശോന്മുഖമായ അവസ്ഥയിലാണ്. ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന 57.82 സെന്റ് സ്ഥലത്താണ് പുതിയ റവന്യൂ ടവർ പണിയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചുചേർക്കുമെന്നും, കാലതാമസം വരുത്താതെ നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുമരാമത്ത്, റവന്യൂ, വാട്ടർ അതോറിറ്റി, സബ് രജിസ്ട്രാർ ഓഫീസുകൾ ഉൾപ്പെടെയുള്ളവ നിർമ്മാണം പൂർത്തിയാകുന്നതോടെ പുതിയ ടവറിലേക്ക് മാറ്റും. നിലവിൽ സുരക്ഷ മുൻനിർത്തി സബ് രജിസ്ട്രാർ ഓഫീസും ട്രഷറിയും എം.എൽ.എ. ഫണ്ടിൽ നിർമ്മിച്ച മിനി സിവിൽ സ്റ്റേഷനിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ട്. നിർമ്മാണത്തിനായി സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി. ഓഫീസും താൽക്കാലികമായി മാറ്റി സ്ഥാപിക്കും.
വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഓഫീസുകൾ, വീഡിയോ കോൺഫറൻസ് ഹാൾ, മറ്റ് കോൺഫറൻസ് സൗകര്യങ്ങൾ, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന അഞ്ചുനില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആകെ 3480 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

