ഭക്ഷണ ഗുണനിലവാരവും അമിതവിലയും ചോദ്യം ചെയ്ത വിനോദസഞ്ചാരികൾക്ക് ക്രൂരമർദ്ദനം; ഒരാളുടെ നില ഗുരുതരം

അടിമാലി: ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയും പറഞ്ഞ് ഉറപ്പിച്ചതിൽ കൂടുതൽ തുക ഈടാക്കിയതും ചോദ്യം ചെയ്ത വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ വിനോദസഞ്ചാരിയായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒന്നിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന ‘ജന്ന’ ഹോട്ടലിലാണ് സംഭവം നടന്നത്.

പാലക്കാട് സ്വദേശികളായ 26 അംഗ വിനോദസഞ്ചാര സംഘമാണ് അടിമാലിയിലെ ഹോട്ടലിൽ എത്തിയത്. ഒരു പ്ലേറ്റ് ബിരിയാണിക്ക് 150 രൂപ നിരക്കിൽ വിനോദസഞ്ചാരികളും ഹോട്ടൽ അധികൃതരും തമ്മിൽ വില പറഞ്ഞ് ഉറപ്പിച്ചിരുന്നു. എന്നാൽ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ പ്ലേറ്റ് ഒന്നിന് 180 രൂപ നിരക്കിൽ (30 രൂപ അധികമായി) ഹോട്ടലുടമകൾ ആവശ്യപ്പെടുകയായിരുന്നു. യാതൊരു ഗുണനിലവാരവുമില്ലാത്ത ഭക്ഷണത്തിന് പറഞ്ഞ് ഉറപ്പിച്ചതിനേക്കാൾ കൂടുതൽ തുക ഈടാക്കിയത് ചോദ്യം ചെയ്തതോടെ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.

ആക്രമണത്തിൽ കല്ല് ഉപയോഗിച്ച് വിനോദസഞ്ചാരികളുടെ തല തല്ലിപ്പൊളിച്ചതായി ആരോപണമുണ്ട്. പരിക്കേറ്റ പലരും പ്രദേശത്തെ ആശുപത്രികളിൽ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അടിമാലി പോലീസ് കേസെടുക്കുകയും അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, ഒന്നര വർഷം മുൻപും ഇതേ ഹോട്ടലിൽ നിന്നും മോശം ഭക്ഷണം കഴിച്ച് എറണാകുളം സ്വദേശികൾക്ക് ഫുഡ് പോയിസണിംഗ് ഉണ്ടാകുകയും അത് ചോദ്യം ചെയ്തവരെ ജീവനക്കാർ ആക്രമിക്കുകയും ചെയ്‌തതായി നാട്ടുകാർ ആരോപിക്കുന്നു. സമാന സംഭവങ്ങൾ ആവർത്തിക്കുന്നതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *