തൊടുപുഴ: തൊടുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും ബെല്ലും ബ്രേക്കുമില്ലാതെ സ്വകാര്യ ബസുകൾ നടത്തുന്ന അമിതവേഗത നിരത്തുകളിൽ വലിയ അപകടക്കെണിയാകുന്നു. സമയക്രമം പാലിക്കാനുള്ള മത്സരയോട്ടത്തിനിടയിലെ അപകടകരമായ ഡ്രൈവിംഗാണ് പ്രധാനമായും റോഡുകളിൽ അപകടങ്ങൾക്ക് വഴിതെളിക്കുന്നത്.
ബസ് ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്. ഇത് നിരത്തിൽ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുകയും വലിയ ഭീതി പടർത്തുകയും ചെയ്യുന്നു. അമിതവേഗതയും മത്സരയോട്ടവും തടയുന്നതിന് മോട്ടോർ വാഹന വകുപ്പും പോലീസും അടിയന്തരമായി കർശന പരിശോധനകളും നടപടികളും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും സ്ഥിരം യാത്രക്കാരുടെയും ആവശ്യം.

