ഇടുക്കി: ഡ്യൂട്ടി സമയത്ത് ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എത്തിയ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാനായി ആളുകൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഇരുവരും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയെന്ന പരാതിയെത്തുടർന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് പോലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ വാഹനത്തിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തുകയും എസ്.ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ എസ്.എച്ച്.ഒ വ്യക്തമാക്കി.

