ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിസ്മയ തന്റെ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിയത്. രാജ്യത്തെ പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് വിസ്മയ കുറിപ്പിലൂടെ ചോദിക്കുന്നു.
ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. മാർച്ചിലേക്ക് പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ നൂറിലേറെ പേരെ കസ്റ്റഡിയിലെടുക്കുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു. സംഘർഷത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായെന്നും 50-ലേറെ പോലീസുകാർക്ക് പരിക്കേറ്റതായും ഡൽഹി പോലീസ് അറിയിച്ചു.
മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിസ്മയ മോഹൻലാൽ കുറിച്ച വാക്കുകൾ:
“കണ്ണീർ വാതകം, ലാത്തി ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, റോഡുകൾ ബ്ലോക്ക് ചെയ്തു, മെട്രോ സ്‌റ്റേഷൻ അടച്ചിട്ടു, നഗരത്തിൽ ഉടനീളം ബാരിക്കേഡുകൾ, ഇന്റർനെറ്റ് വിച്ഛേദിച്ചു…
പ്രതിഷേധക്കാരോട് യോജിക്കേണ്ടതില്ല, അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ട, പങ്കെടുക്കുന്ന സംഘടനകളോട് ആഭിമുഖ്യം പോലും വേണ്ട. എന്നാൽ ചർച്ചകൾക്കു പകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ, നമ്മളിലോരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. കാരണം, നാളെ നിങ്ങളായിരിക്കും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നത്; നിങ്ങളല്ലെങ്കിൽ നിങ്ങളുടെ നഗരത്തിൽ, തൊട്ടടുത്ത്, അല്ലെങ്കിൽ കുടുംബത്തിലുള്ള ഒരാൾ.നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്; സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?”
വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിലും അതിർത്തി മേഖലകളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

