ന്യൂഡൽഹി: ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഭക്ഷണ ബില്ലിൽ ‘സർവീസ് ചാർജ്’ കൂടി ഉൾപ്പെടുത്തിയ 41 റസ്റ്ററന്റുകൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കടുത്ത നടപടിയെടുത്തു. ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനിൽ ലഭിച്ച നിരവധിയായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ചെയ്ത പ്രമുഖ റസ്റ്ററന്റ് ശൃംഖലയ്ക്ക് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. പരാതിക്കാരനിൽ നിന്ന് അനധികൃതമായി ഈടാക്കിയ തുക തിരികെ നൽകാനും, സർവീസ് ചാർജ് ഒഴിവാക്കി ബില്ലിങ് സോഫ്റ്റ്വെയറിൽ അടിയന്തരമായി മാറ്റം വരുത്താനും അതോറിറ്റി നിർദ്ദേശിച്ചു.
ബില്ലിൽ അനാവശ്യമായി സർവീസ് ചാർജ് ചേർത്തുന്നത് 2019-ലെ ഉപഭോക്തൃ നിയമത്തിലെ വ്യവസ്ഥകൾക്കും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനും എതിരാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഭക്ഷണ ബില്ലിൽ സ്വന്തം ഇഷ്ടപ്രകാരം സർവീസ് ചാർജ് കൂട്ടിച്ചേർക്കാൻ റസ്റ്ററന്റുകൾക്ക് അധികാരമില്ലെന്നും, അത് നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നുമാണ് കോടതി വിധി. മറ്റു പേരുകൾ നൽകി സർവീസ് ചാർജ് ഈടാക്കുന്നതും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷണത്തിന്റെ യഥാർത്ഥ വിലയ്ക്ക് പുറമെ ചരക്കു സേവന നികുതി (GST) മാത്രമാണ് റസ്റ്ററന്റുകൾക്ക് ഈടാക്കാൻ അനുമതിയുള്ളത്. കേന്ദ്ര ജി.എസ്.ടിയും (CGST) സംസ്ഥാന ജി.എസ്.ടിയും (SGST) ബില്ലിൽ വെവ്വേറെ കൃത്യമായി രേഖപ്പെടുത്തണം.
2017-ൽ ജി.എസ്.ടി. നടപ്പിലാക്കുന്നതിന് മുൻപ് റസ്റ്ററന്റുകൾക്ക് സേവന നികുതി ചേർക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും, ജി.എസ്.ടി. വന്നതോടെ ഇതിന്റെ നിയമസാധുത ഇല്ലാതായി. എന്നാൽ, സേവനത്തിൽ തൃപ്തനായി ഏതെങ്കിലും ഉപഭോക്താവ് സ്വന്തം ഇഷ്ടപ്രകാരം സർവീസ് ചാർജ് നൽകാൻ തയ്യാറാവുകയാണെങ്കിൽ റസ്റ്ററന്റുകൾക്ക് അത് സ്വീകരിക്കാം. പക്ഷേ, അതിനായി ഉപഭോക്താവിനെ നിർബന്ധിക്കാൻ യാതൊരു അവകാശവുമില്ല

