ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധം: അടിയന്തര ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയുടെ വിസമ്മതം

ന്യൂഡൽഹി: ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സമയനഷ്ടം ഉണ്ടാക്കരുതെന്ന് ഹർജിക്കാരോട് നിർദേശിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം അടിയന്തരമായി ലിസ്റ്റ് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയത്.


“ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും കളയരുത്,” എന്നായിരുന്നു വിഷയത്തിൽ അടിയന്തര വിചാരണ ആവശ്യപ്പെട്ട അഭിഭാഷകനോട് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) പരിഷ്കാരങ്ങളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെ പൊലീസ് അതിക്രമം കാണിച്ചതായി ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ, ഇതിന്റെ തെളിവായി വീഡിയോകൾ ഹാജരാക്കാമെന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, “ഞങ്ങൾക്ക് വീഡിയോകൾ കാണാൻ താല്പര്യമില്ല, അത് കാണാനുള്ള സമയവുമില്ല” എന്ന് സുപ്രീം കോടതി വ്യക്തമാക്കി.


കോടതി നടപടികൾ സാധാരണ രീതിയിൽ നടക്കട്ടെ എന്ന് വ്യക്തമാക്കി ഹർജി മുൻഗണനാടിസ്ഥാനത്തിൽ അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *