ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റവുമായി പേയ്ഡ് പ്രാക് വിപുലീകരണം; ഹെൽത്ത് വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ $338 സാമ്പത്തിക സഹായം

ഓസ്‌ട്രേലിയയിൽ ഉപരിപഠനം നടത്തുന്ന ഹെൽത്ത് കേഴ്‌സ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായി ‘ഓസ്‌ട്രേലിയ പേയ്ഡ് പ്രാക് എക്സ്പാൻഷൻ 2026’ പദ്ധതി പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിലെ നിർണായകമായ 10 കോഴ്‌സുകളിൽ കൂടി പഠനത്തോടൊപ്പം പേയ്ഡ് പ്രാക്ടിക്കൽ പ്ലേസ്‌മെന്റ് ആനുകൂല്യം ലഭ്യമാക്കാനാണ് ലേബർ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പഠനകാലയളവിൽ നിർബന്ധിത പ്രാക്ടിക്കൽ പരിശീലനം (Unpaid Placement) നടത്തുന്ന വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ ‘കോമൺവെൽത്ത് പ്രാക് പേയ്‌മെന്റ്’ (CPP) വിപുലീകരിച്ചത്.

നിലവിൽ നഴ്‌സിങ്, ടീച്ചിങ്, മിഡ്‌വൈഫറി, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്ക് ലഭ്യമായിരുന്ന ഈ സഹായം ഇനി ഫിസിയോതെറാപ്പി, ഫാർമസി, ക്ലിനിക്കൽ സൈക്കോളജി തുടങ്ങി 10 അലൈഡ് ഹെൽത്ത് മേഖലകളിലേക്ക് കൂടി നീട്ടും. അർഹരായ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ $338.60 വീതം അധ്യയന പരിശീലന കാലയളവിൽ നേരിട്ട് ലഭിക്കും. 2027 ജൂലൈ 1 മുതലാണ് ഈ പുതിയ വിപുലീകരണം പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നത്.

ഗ്രാമീണ മേഖലകളിലും (Regional & Remote Areas) പോയി പ്രാക്ടിക്കൽ ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് താമസത്തിനും യാത്രയ്ക്കുമായി വൻതുക ചെലവഴിക്കേണ്ടി വരുന്നത് പഠനം പൂർത്തിയാക്കാൻ തടസ്സമായിരുന്നു. പുതിയ പദ്ധതിയിലൂടെ 158.4 മില്യൺ ഡോളറിന്റെ അധിക സാമ്പത്തിക പാക്കേജാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതുവഴി ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കും. ഭാവി ആരോഗ്യ സേവന മേഖലയെ ശക്തിപ്പെടുത്താനും വിദ്യാർത്ഥികളുടെ ജീവിതച്ചെലവ് ഭാരം കുറയ്ക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അഡ്‌ലെയ്ഡിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഫാർമസി, ഫിസിയോതെറാപ്പി, റേഡിയോഗ്രാഫി, പാരാമെഡിക് കോഴ്‌സുകളിൽ പഠിക്കുന്നതിനാൽ പുതിയ പ്രഖ്യാപനം മലയാളി കുടുംബങ്ങൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വലിയ സാമ്പത്തിക ആശ്വാസമായി മാറും.

അതേസമയം, നിർബന്ധിത ക്ലിനിക്കൽ ട്രെയിനിങ് നടത്തുന്ന മെഡിക്കൽ വിദ്യാർത്ഥികളെ (Medical Students) ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത് വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാർത്ഥികളെ ഒഴിവാക്കിയത് അനീതിയാണെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (AMA) ആരോപിച്ചെങ്കിലും, കടുത്ത ക്ഷാമം നേരിടുന്ന മേഖലകൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *