ഐ.ഒ.സി യൂറോപ്പിന്റെ ഓർമ്മകളിൽ ഉമ്മൻ ചാണ്ടി; വികാരാർദ്രമായി അനുസ്മരണ ചടങ്ങ്, റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു

റോമി കുര്യാക്കോസ്

യൂറോപ്പ്: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ.ഒ.സി – യൂറോപ്പ് സംഘടിപ്പിച്ച “ഓർമ്മകളിൽ ഉമ്മൻ ചാണ്ടി” ഓൺലൈൻ അനുസ്മരണ പരിപാടി ശ്രദ്ധേയമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു.കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് സൂം (ZOOM) പ്ലാറ്റ്‌ഫോമിൽ ചടങ്ങ് സംഘടിപ്പിച്ചത്. റോജി എം. ജോൺ എം.എൽ.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായി ജീവിതം സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എന്നും ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉമ്മൻ ചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ ചടങ്ങിൽ പങ്കെടുത്ത് പിതാവിന്റെ ജനസേവന പാരമ്പര്യവും ജനങ്ങളുമായുള്ള ആത്മബന്ധവും അനുസ്മരിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ശക്തമായ ആവശ്യവും യോഗത്തിൽ ഉയർന്നു വന്നു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം നൽകിയ ദീർഘവീക്ഷണപരമായ നേതൃത്വവും നിർണായക ഇടപെടലുകളും പരിഗണിച്ച് തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.

ഐ.ഒ.സി – യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനറും ഐ.ഒ.സി ജർമ്മനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്ററും ഐ.ഒ.സി (യു.കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് നന്ദിയും പറഞ്ഞു.

ഐ.ഒ.സി വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഐ.ഒ.സി ഗ്ലോബൽ കോർഡിനേറ്റർ അനുരാ മത്തായി, ജോയ് കൊച്ചാട്ട് (സ്വിറ്റ്സർലൻഡ്), ലിങ്ക്വിൻസ്റ്റർ മാത്യു (അയർലണ്ട്), ടോമി തോണ്ടംകുഴി, സുജു കെ. ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ്, സാഞ്ചോ മുളവരിക്കൽ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രമുഖ ഐ.ഒ.സി നേതാക്കളും സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *