വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം;പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

പെര്‍ത്ത്‌ : ഓസ്‌ട്രേലിയയിലെ തൊഴിലാളികൾക്കും ചെറുകിട ബിസിനസുകൾക്കും തൊഴിൽ തർക്കങ്ങളിൽ വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനായി പുതിയ ‘ഫെയർ വർക്ക് കോർട്ട്’ (Fair Work Court) സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചു. ജോലിസ്ഥലങ്ങളിലെ ചൂഷണങ്ങൾക്കും ശമ്പളം നൽകാത്തതിനും എതിരെ വർഷങ്ങളോളം കോടതി കയറിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് ഇതോടെ അറുതിയാകും.

നിലവിൽ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഫെയർ വർക്ക് കമ്മീഷൻ ഉണ്ടെങ്കിലും നിയമപരമായ കോടതി നടപടികൾ തികച്ചും സങ്കീർണ്ണവും ചെലവേറിയതുമാണ്. അർഹമായ തുക നേടിയെടുക്കാൻ തൊഴിലാളികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും രണ്ട് വർഷത്തിലധികം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം കാണാനാണ് കേന്ദ്ര സർക്കാർ പുതിയ സ്പെഷ്യലിസ്റ്റ് കോടതി രൂപീകരിക്കുന്നത്.

തൊഴിൽ നിയമങ്ങളിൽ പൂർണ്ണ വൈദഗ്ധ്യമുള്ള പ്രത്യേക ജഡ്ജിമാരായിരിക്കും പുതിയ ഫെയർ വർക്ക് കോടതിയിൽ കേസുകൾ പരിഗണിക്കുക. നിലവിലെ ഫെയർ വർക്ക് കമ്മീഷനുമായി ചേർന്ന് അതിവേഗത്തിൽ പരാതികൾ തീർപ്പാക്കാൻ പുതിയ കോടതിക്ക് കഴിയും.

1997-ൽ മുൻ ഹോവാർഡ് സർക്കാർ നിർത്തലാക്കിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോടതിയുടെ പുതിയ രൂപമാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞ ചെലവിൽ, വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ ഇതിലൂടെ സാധിക്കും. തൊഴിലാളികൾക്ക് അർഹമായ വേതനം കൃത്യസമയത്ത് ലഭിക്കാൻ ഈ പ്രഖ്യാപനം വലിയൊരു സഹായമാകുമെന്ന് തൊഴിൽ മന്ത്രി അമൻഡ റിഷ്‌വർത്ത് വ്യക്തമാക്കി.

കോടതിയുടെ ഘടനയും പ്രവർത്തനങ്ങളും സംബന്ധിച്ച് തൊഴിലാളികൾ, തൊഴിലുടമകൾ, നിയമവിദഗ്ദ്ധർ എന്നിവരുമായി ഈ വർഷം തന്നെ സർക്കാർ ആശയവിനിമയം നടത്തുമെന്ന് അറ്റോർണി ജനറൽ മിഷേൽ റോളണ്ട് കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പുതിയ കുടിയേറ്റക്കാർക്കും ഇടയിൽ ശമ്പളത്തട്ടിപ്പ് (Wage Theft) വലിയൊരു പ്രതിസന്ധിയാണ്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, കെയർ മേഖലകളിൽ ജോലി ചെയ്യുന്ന പല മലയാളി വിദ്യാർത്ഥികൾക്കും നിയമപ്രകാരമുള്ള ശമ്പളമോ അവകാശങ്ങളോ പലപ്പോഴും ലഭിക്കാറില്ല. നിയമനടപടികളുടെ ഭാരിച്ച ചെലവും സങ്കീർണ്ണതയും ഭയന്ന് ഭൂരിഭാഗം പേരും പരാതിപ്പെടാറുമില്ല. പുതിയ കോടതി വരുന്നതോടെ ഇത്തരം കേസുകൾ അതിവേഗം തീർപ്പാക്കാനും, തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾ ഭയമില്ലാതെ നേടിയെടുക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *