മെൽബൺ: വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന്റെ സമീപകാല വിദേശ പര്യടനത്തിനും ബ്രിട്ടീഷ് തീവ്ര വലതുപക്ഷ പ്രവർത്തകൻ ടോമി റോബിൻസണുമായുള്ള കൂടിക്കാഴ്ചയ്ക്കും പിന്നാലെ വിമർശനവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ പോളിൻ ഹാൻസന്റെയോ വൺ നേഷൻ പാർട്ടിയുടെയോ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.
സമ്മേളനങ്ങളിൽ പങ്കെടുക്കാനായി ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത പോളിൻ ഹാൻസൺ അവിടെവെച്ചാണ് തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റായ ടോമി റോബിൻസണെ കാണുകയും അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തത്. ഈ വിദേശ സന്ദർശനവും വിവാദ കൂടിക്കാഴ്ചകളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ആന്റണി ആൽബനീസ് നിലപാട് വ്യക്തമാക്കിയത്.

