35 കമ്പനികൾ തൊഴിൽ വെട്ടിക്കുറയ്ക്കൽ ഭീഷണിയിൽ; മുന്നറിയിപ്പുമായി ഗോൾഡ്മാൻ സാക്സ്

സിഡ്നി: മന്ദഗതിയിലായ സാമ്പത്തിക വളർച്ച, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ, തൊഴിൽ ചെലവുകളിലെ വർദ്ധനവ് എന്നിവ കാരണം പ്രമുഖ ഓസ്‌ട്രേലിയൻ കമ്പനികൾ വൻ പ്രതിസന്ധി നേരിടുന്നതായി പ്രമുഖ ആഗോള നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് (Goldman Sachs). ഓസ്‌ട്രേലിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ASX) ലിസ്റ്റ് ചെയ്തിട്ടുള്ള 35 പ്രമുഖ കമ്പനികൾ തങ്ങളുടെ പ്രവർത്തനച്ചെലവും ജീവനക്കാരുടെ എണ്ണവും കുറയ്ക്കാൻ നിർബന്ധിതരായേക്കാമെന്ന് ബാങ്കിന്റെ അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.

ലാഭവിഹിതത്തിൽ ഉണ്ടാകുന്ന കുറവും വേതനച്ചെലവുകളിലുണ്ടായ അമിത വർദ്ധനവുമാണ് കമ്പനികളെ ഇത്തരമൊരു പരീക്ഷണത്തിലേക്ക് തള്ളിയിടുന്നത്. ബാങ്കിംഗ്, റീട്ടെയിൽ, മെഡിക്കൽ, മൈനിംഗ് മേഖലകളിലെ കമ്പനികളാണ് ഈ പട്ടികയിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്.

അതേസമയം, നിലവിലെ സാമ്പത്തിക സൂചികകളും കണക്കുകളും മുൻനിർത്തിയുള്ള ഒരു റിസ്ക് അസസ്മെന്റ് (Risk Assessment) മാത്രമാണിതെന്നും, കമ്പനികൾ ഉടനടി പിരിച്ചുവിടൽ പ്രഖ്യാപിച്ചതായി ഇതിനർത്ഥമില്ലെന്നും ഗോൾഡ്മാൻ സാക്സ് വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലെ ലാഭ-നഷ്ട കണക്കുകൾ പുറത്തുവരുന്നതോടെ കമ്പനികൾ സ്വീകരിക്കുന്ന ചെലവുചുരുക്കൽ നിലപാടുകൾ കൂടുതൽ വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *