സൂറിച്ച്: 2026 ഫിഫ ലോകകപ്പിലെ ആരാധകരുടെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഡ്രീം ഇലവൻ ഫിഫ പ്രഖ്യാപിച്ചു. അർജന്റീനയുടെ ലയണൽ മെസി, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, നോർവെയുടെ എർലിംഗ് ഹാലൻഡ് എന്നിവരാണ് മുന്നേറ്റനിരയിൽ ഇടംപിടിച്ചത്. കേപ് വെർഡെയുടെ ഗോൾകീപ്പർ വൊസീഞ്ഞോ (Vozinha) ടീമിൽ ഇടം നേടിയതും ശ്രദ്ധേയമായി.
ഡ്രീം ഇലവനിൽ ഗോൾകീപ്പറായി വൊസീഞ്ഞോയെ തെരഞ്ഞെടുത്തു. പ്രതിരോധനിരയിൽ സ്പെയിനിന്റെ പെഡ്രോ പോറോ, മാർക് കുകുറേയ, അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസ്, ഫ്രാൻസിന്റെ ദയോ ഉപമെക്കാനോ എന്നിവരും മധ്യനിരയിൽ സ്പെയിനിന്റെ റോഡ്രി, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം, ഫ്രാൻസിന്റെ മൈക്കൽ ഒലിസെയും ഉൾപ്പെട്ടു.
ലോകമെമ്പാടുമുള്ള ആരാധകരുടെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ഡ്രീം ഇലവൻ തിരഞ്ഞെടുത്തത്. സ്പെയിൻ ലോകകപ്പ് കിരീടം നേടിയെങ്കിലും ഗോൾഡൻ ഗ്ലൗവ് ജേതാവായ ഉനായ് സൈമണിന് പകരം വൊസീഞ്ഞോയെ ഉൾപ്പെടുത്തിയ തീരുമാനം ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

