ന്യൂഡൽഹി: സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ ബന്ധപ്പെട്ട കോടതികളുടെ മുൻകൂർ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ അപ്‌ലോഡ് ചെയ്യുകയോ, വീണ്ടും പങ്കിടുകയോ, സംഭരിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു. കോടതി നടപടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതും തെറ്റായ സന്ദർഭങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നതും തടയുകയാണ് ഉത്തരവിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളിലൂടെ കോടതി നടപടികളുടെ ക്ലിപ്പുകൾ നിയന്ത്രണമില്ലാതെ പ്രചരിക്കുന്നത് ആശങ്കാജനകമാണെന്നും, ഒരിക്കൽ ഇത്തരം ഉള്ളടക്കം പുറത്തുപോയാൽ അത് നിയന്ത്രിക്കുന്നത് പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ കോടതി “കുപ്പിയിൽനിന്ന് പുറത്തുവന്ന ഭൂതം” (demon out of the bag) എന്ന ഉപമയിലൂടെ വിശേഷിപ്പിച്ചു.
അതേസമയം, കോടതിവാർത്തകൾ പരമ്പരാഗത മാധ്യമപ്രവർത്തന രീതിയിൽ റിപ്പോർട്ട് ചെയ്യുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതി നടപടികളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള അവകാശത്തെ ഉത്തരവ് പരിമിതപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.

