ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എം.വി. ദിഷ (MV Disha) എന്ന വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും, അതിലുണ്ടായിരുന്ന 22 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും അത് നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് മേഖലയിലെ ഇന്ത്യൻ എംബസിയും ബന്ധപ്പെട്ട സമുദ്രഗതാഗത അധികൃതരും കപ്പലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ഗുരുതര ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും, വാണിജ്യ കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെടരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

