ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരുമായി രഹസ്യ ധാരണയിലെത്തിയെന്ന വിമർശനങ്ങൾ തള്ളി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. “എന്റെ സത്യസന്ധത തെളിയിക്കാൻ 26 ദിവസത്തെ നിരാഹാരം പോരേ?” എന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ചോദിച്ചു.
നീണ്ട ചർച്ചകൾക്കും കേന്ദ്രത്തിന്റെ രേഖാമൂലമുള്ള ഉറപ്പുകൾക്കും ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് വാങ്ചുക് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്നും പരീക്ഷാ പരിഷ്കാര വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുമെന്നും പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആത്മഹത്യകളിലെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം ഉറപ്പ് നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
നിരാഹാരം അവസാനിപ്പിച്ചതോടെ സമരം അവസാനിച്ചിട്ടില്ലെന്നും, “വിശപ്പിന്റെ അവസാനം, ഉത്തരവാദിത്തത്തിന്റെ തുടക്കം” ആണിതെന്നും വാങ്ചുക് പറഞ്ഞു. സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നുണ്ടോ എന്ന് ഇനി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

