കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി സെഷൻസ് കോടതിയാണ് അന്വേഷണ സംഘത്തിന്റെ അപേക്ഷ അംഗീകരിച്ച് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഓഗസ്റ്റ് 1-ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡി കാലയളവിൽ ഡെന്റൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനും വിശദമായി ചോദ്യം ചെയ്യാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത നടപടിക്രമത്തിൽ ഗുരുതര വീഴ്ചകളുണ്ടായതായി നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ച നിയമനടപടികൾ പാലിച്ചില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ചും കോടതി പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുകയും ഡോ. എം.കെ. റാമിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തത്.

