മാനന്തവാടി: അർദ്ധരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരിവസ്തുക്കൾ നൽകിയ കേസിലും തുടർന്നായുണ്ടായ വാഹനാപകടത്തിലും 16-കാരിയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം ആറായി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ മൊഴി പ്രകാരം, രാത്രി 11 മണിയോടെ ഉറങ്ങാൻ പോയ മകളെ പിന്നീട് പുലർച്ചെ ആശുപത്രിയിലാണ് കാണുന്നത്. രാത്രി ഒന്നരയോടെ ലഭിച്ച ഫോൺ സന്ദേശത്തിലൂടെയാണ് മകൾ അപകടത്തിൽപ്പെട്ട വിവരം മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോൾ അടുക്കള വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
ചികിത്സയ്ക്കിടെ ബോധം വീണ്ടെടുത്ത പെൺകുട്ടിയുടെ മൊഴിയിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വ്യക്തമായത്. “ചായ കുടിക്കാൻ പോകാം” എന്ന് പറഞ്ഞ് പെൺസുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി. തുടർന്ന് അവിടെയുണ്ടായിരുന്നവർ നിർബന്ധിച്ച് മദ്യവും സിഗരറ്റും നൽകുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. തുടർന്നുണ്ടായ വാഹനാപകടത്തിലാണ് പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്കിനെക്കുറിച്ചും ഉപയോഗിച്ച ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ടുള്ള ഇത്തരം ലഹരിസംഘങ്ങളുടെ നീക്കങ്ങൾ സമൂഹത്തിൽ വലിയ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യാപകമായ ജാഗ്രത വേണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

