അനധികൃത മാറ്റങ്ങൾ വരുത്തിയ എസ്‌യുവി പിടികൂടി; 32,750 രൂപ പിഴ ചുമത്തി

കൊച്ചി: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) എറണാകുളം ആർടിഒ എൻഫോഴ്‌സ്മെന്റ് വിഭാഗം പിടികൂടി 32,750 രൂപ പിഴ ചുമത്തി. കാക്കനാട് പള്ളിക്കരയിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ആഫ്റ്റർ മാർക്കറ്റ് ടയറുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്. കൂടാതെ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മങ്ങിക്കുന്ന ആറ് അഡീഷണൽ ലൈറ്റുകൾ, ഹൈ-പവർ ഫ്ലാഷ് ലൈറ്റുകൾ, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി. ഉയർന്ന ശബ്ദമുണ്ടാക്കുന്ന മ്യൂസിക് സിസ്റ്റവും പൂർണ്ണമായും നിരോധിച്ച മൾട്ടി-ടോൺ എയർ ഹോണുകളും വാഹനത്തിൽ സജ്ജീകരിച്ചിരുന്നു.

അനധികൃതമായി വരുത്തിയ മാറ്റങ്ങൾ പൂർണ്ണമായി അഴിച്ചുമാറ്റി വാഹനം പഴയപടിയാക്കി ഹാജരാക്കാൻ ഉടമയ്ക്ക് നിർദ്ദേശം നൽകിയതായി എറണാകുളം എൻഫോഴ്‌സ്മെന്റ് ആർടിഒ ബിജു ഐസക് വ്യക്തമാക്കി. അല്ലാത്തപക്ഷം വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എംവിഐ വിനോദ് കുമാർ എൻ., എഎംവിഐമാരായ മുഹമ്മദ്‌ നിയാസ്, കശ്യപ് എന്നിവരടങ്ങിയ സംഘമാണ് മിന്നൽ പരിശോധന നടത്തി വാഹനം കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *