പാരിസ്: ഫ്രാൻസിലെ തപാൽ സേവനദാതാക്കളായ ലാ പോസ്റ്റിന്റെ ഡിജിറ്റൽ ഉപസ്ഥാപനമായ മൈലേവയ്ക്ക് (Maileva) നേരെയുണ്ടായ സൈബർ ആക്രമണത്തിൽ 2.2 കോടി പേരുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് പേരെ ബാധിക്കുന്നതാണ് സംഭവം. സെപ്റ്റംബർ മധ്യത്തിലാണ് സൈബർ ആക്രമണമുണ്ടായതെന്നാണ് വിവരം.
മൈലേവയുടെ സേവനം ഉപയോഗിക്കുന്ന വിവിധ സ്ഥാപനങ്ങൾ വഴി കത്തുകൾ ലഭിച്ചവരുടെ പേരുകൾ, കുടുംബപ്പേരുകൾ, തപാൽ വിലാസങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. ശമ്പളവിവരങ്ങൾ, ഇൻവോയിസുകൾ, രജിസ്റ്റർ ചെയ്ത കത്തുകൾ തുടങ്ങിയവ അച്ചടിച്ച് അയയ്ക്കുന്നതിനുള്ള സേവനമാണ് മൈലേവ നൽകുന്നത്. എഴുപതിനായിരത്തിലധികം കോർപറേറ്റ് ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നുണ്ട്.
ആക്രമണത്തിൽ ചില സ്ഥാപനങ്ങളുടെ പേയ്മെന്റ് ഓർമപ്പെടുത്തൽ കത്തുകളുടെ ഉള്ളടക്കവും ഹാക്കർമാർക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. ഇൻവോയിസ് നമ്പർ, ചികിത്സ നടത്തിയ തീയതി, അടയ്ക്കേണ്ട തുക തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പാരിസിന് സമീപമുള്ള സുരെസ്നസിലെ ഫോഷ് ആശുപത്രിയിലെ രോഗികളുടെയും ചില സാമൂഹിക ഭവനപദ്ധതികളുടെ ഉപഭോക്താക്കളുടെയും വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നതായാണ് വിവരം.
എന്നാൽ കത്തുകൾ ലഭിച്ച വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം, ഉപഭോക്തൃ സ്ഥാപനങ്ങളുടെ ബില്ലിങ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറുകളും സംബന്ധിച്ച വിവരങ്ങൾ പുറത്തായിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ഇവ വ്യക്തിഗത ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളിൽനിന്ന് വ്യത്യസ്തമാണ്.
സംഭവത്തെക്കുറിച്ച് ഫ്രാൻസിലെ ഡാറ്റാ സംരക്ഷണ അതോറിറ്റിയായ സിഎൻഐഎല്ലിനെ (CNIL) കമ്പനി അറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിനാണ് അന്വേഷണച്ചുമതല.
വ്യാജ കത്തുകൾ, സന്ദേശങ്ങൾ എന്നിവയിലൂടെ തട്ടിപ്പുകൾ നടത്താൻ ചോർന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ആശുപത്രികളിൽനിന്നോ മറ്റ് സ്ഥാപനങ്ങളിൽനിന്നോ എന്ന വ്യാജേന എത്തുന്ന സന്ദേശങ്ങളോട് ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഫ്രാൻസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ വ്യക്തിവിവര ചോർച്ചകളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. എന്നാൽ ചോർന്ന വിവരങ്ങൾ ഹാക്കർമാർ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

