മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് കെഎസ്ഇബി. ബോർഡിന്റെ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ കുട്ടിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും പൊതുജനങ്ങളോടുമാണ് മാപ്പ് ചോദിച്ചത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (14) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വീടിന് സമീപത്തെ വയലിൽ എത്തിയപ്പോഴായിരുന്നു അപകടം. വയലിൽ കാൽവഴുതി വീണ ജുനൈദ് സമീപത്തെ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടാകാനിടയായ സാഹചര്യം തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നിഷ്പക്ഷമായും വിശദമായും അന്വേഷിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്തെ വൈദ്യുത ലൈനുകളിൽ പട്രോളിങ് നടത്തി അപകടസാധ്യതകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 9496010101 എന്ന വാട്സാപ്പ് നമ്പരിൽ അയച്ച് അറിയിക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർഥിച്ചു.
അതേസമയം, പ്രദേശത്ത് വൈദ്യുത കമ്പികൾ താഴ്ന്നുകിടക്കുന്നതായും അപകടസാധ്യത സംബന്ധിച്ച് നേരത്തേ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഇതേ സ്റ്റേ വയറിൽനിന്ന് മുമ്പും ഷോക്കേറ്റ സംഭവമുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തേ ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ജുനൈദിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും മന്ത്രി നിർദേശിച്ചു.

