
സിന്ധു ജോർജ്ജ്,
മധുര മറ്റത്തിൽ
മൈലക്കൊമ്പ്.
വെട്ടിപ്പിടിക്കുവാനുള്ളൊരീ ത്വരയിൽ നാമെന്തേ
തൻ ദേഹം കത്തിയമരുവാനുള്ളൊരു
പാഴ് വസ്തുവാണെന്നുതിരിച്ചറിയുന്നില്ല
ആർത്തി മൂത്തു വരുന്നോരു ജന്മങ്ങൾ വെറും
പേക്കോലമാണെന്നാരും തിരിച്ചറിയുന്നില്ല
മാനവ ജനുസ്സില്‍ പെട്ടോരു ജന്മങ്ങള്
കൃമികീടങ്ങള്‍ക്കു സമം തന്നെയെന്നു പലരും മറന്നു
കാഴ്ചയില്‍ ചുണ്ടിലൊളിപ്പിച്ച പുഞ്ചിരി
മായ്ച്ചു മറയ്ക്കുവാനെന്തെളുപ്പം .
സൗഹൃദത്താളിലെഴുതാത്ത കുഞ്ഞൂ നുറുങ്ങുകൾ
മറവിയിലാണ്ടു പതഞ്ഞു പെരുകി
കുടിലതയൊളിപ്പിച്ച പുഞ്ചിരി വെറുതെ
കൗശലം മുറ്റി നിറഞ്ഞു നിന്നു
ഛിന്നഭിന്നമായ് പോയൊരു ജീവിത നൗകയിൽ
കൈകാലിട്ടടിക്കുവാനെന്തെളുപ്പം
കാപട്യം മുറ്റി നിൽക്കുന്നോരു വദനത്തിൽ മെല്ലെ –
കാരുണ്യ സ്പർശത്താൽ തൊട്ടു തലോടി
പൊട്ടി മുറിഞ്ഞു പോയൊരീരടികൾ പോലെ
സ്നേഹത്തിൻ മന്ത്രമതേ കാതിൽ വന്നലച്ചു
അണഞ്ഞു പോയ തീക്കനൽ പോലൊരു ജീവിതം
ഊതി വിളക്കി പിടിച്ചു ചേർത്തു.

