2050-ഓടെ കാൻസർ രോഗികളുടെ എണ്ണം ഇരട്ടിയാകും; ആഗോള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമായി പ്രതിദിനം ഇരുപത്താറായിരം പേരാണ് കാൻസർ എന്ന മഹാമാരിക്ക് കീഴടങ്ങി മരണത്തിലേക്ക് മറയുന്നത്. ഹൃദ്രോഗം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുക്കുന്ന രോഗമായി കാൻസർ മാറിയിരിക്കുന്നു. എന്നാൽ ഇതിനേക്കാൾ ഭയപ്പെടുത്തുന്ന മറ്റൊരു കണക്കാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയും ഇൻറർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറും (IARC) സംയുക്തമായി പുറത്തിറക്കിയ കണക്കുകൾ (GLOBOCAN ഡേറ്റ) പ്രകാരം, കൃത്യമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ 2050 ആകുമ്പോഴേക്കും കാൻസർ രോഗികളുടെ എണ്ണം ഇരട്ടിയാകും. അതായത്, പ്രതിവർഷം പുതിയതായി കാൻസർ ബാധിക്കുന്നവരുടെ എണ്ണം 3.5 കോടിയായി ഉയരും.

ഏഷ്യൻ രാജ്യങ്ങളിൽ ഭീഷണി രൂക്ഷം

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2024-ൽ ലോകത്തെ മൊത്തം കാൻസർ കേസുകളുടെയും മരണങ്ങളുടെയും പകുതിയിലധികവും സംഭവിച്ചത് ഏഷ്യൻ ഭൂഖണ്ഡത്തിലാണ്. ഇന്ത്യയും ഈ ഭീഷണിയിൽ നിന്ന് മുക്തമല്ല. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വരുമ്പോൾ രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും, മരണനിരക്ക് വളരെ കൂടുതലാണ്. രോഗം വൈകി കണ്ടുപിടിക്കുന്നതും ആധുനിക ചികിത്സാ സൗകര്യങ്ങളുടെ അഭാവവുമാണ് ഇതിന് പ്രധാന കാരണം. പുരുഷന്മാരിൽ ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നീ കാൻസറുകളാണ് കൂടുതലായി കാണുന്നതെങ്കിൽ, സ്ത്രീകളിൽ സ്തനാർബുദം, ശ്വാസകോശ കാൻസർ, വൻകുടൽ കാൻസർ എന്നിവയാണ് പ്രധാന വില്ലനാകുന്നത്.

മാറുന്ന ജീവിതശൈലിയും വർധിക്കുന്ന രോഗസാധ്യതയും

ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ കേസുകളിൽ 40 ശതമാനവും പൂർണ്ണമായും ഒഴിവാക്കാവുന്ന കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. പുകയിലയുടെ ഉപയോഗം, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണരീതികൾ, പൊണ്ണത്തടി, വ്യായാമമില്ലായ്മ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ഇതിനുപുറമെ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV), ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ മൂലമുണ്ടാകുന്ന അണുബാധകളും വിവിധതരം കാൻസറുകളിലേക്ക് നയിക്കുന്നു. വായു മലിനീകരണം പോലും കാൻസർ നിരക്ക് വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. 2010 മുതൽ പുകയില ഉപയോഗത്തിൽ 27 ശതമാനം കുറവ് വന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണെങ്കിലും, മാറിയ ജീവിതശൈലിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും നമ്മെ മറ്റ് പല മാരക രോഗങ്ങളിലേക്കും തള്ളിവിടുന്നു.

“കേരളത്തിൽ മാറിയ ഭക്ഷണരീതികൾ നമ്മുടെ കുടൽ, ആമാശയം, കരൾ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. മുൻകാലങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന വൻകുടൽ കാൻസർ ഇന്ന് കേരളത്തിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ എൻഡോസ്കോപ്പിയോ കൊളോണോസ്കോപ്പിയോ വഴി രോഗം തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ഭേദമാക്കാം.”ഡോ. ബൈജു സേനാധിപൻ (പ്രസിഡൻ്റ്, അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്സ് ഓഫ് കേരള)

ചികിത്സാ രംഗത്തെ അസമത്വങ്ങളും സാമ്പത്തിക പ്രതിസന്ധിയും

കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ചികിത്സയിലെ അസമത്വമാണ്. ജനിച്ച നാടോ സമ്പത്തോ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതിന് തടസ്സമാകരുത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളിൽ സ്തനാർബുദം ബാധിച്ച സ്ത്രീകളിൽ 87 ശതമാനം പേരും അഞ്ച് വർഷത്തിലേറെ ജീവിക്കുമ്പോൾ, ദരിദ്ര രാജ്യങ്ങളിൽ ഇത് കേവലം 42 ശതമാനം മാത്രമാണ്.

കൂടാതെ, കാൻസർ ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, ആ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ഭദ്രതയെയും തകർത്തെറിയുന്നു. രോഗബാധിതരായവരിൽ നടത്തിയ സർവേ പ്രകാരം, 45 ശതമാനത്തിലധികം പേരും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.

പ്രതീക്ഷ നൽകുന്ന ആധുനിക ചികിത്സാ മുന്നേറ്റങ്ങൾ

കാൻസർ ചികിത്സാ രംഗത്ത് ഇന്ന് വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്. മെഡിക്കൽ രംഗത്തെ കണ്ടുപിടുത്തങ്ങളും കീഹോൾ സർജറി, റോബോട്ടിക് സർജറി പോലുള്ള ആധുനിക സാങ്കേതിക വിദ്യകളും കാൻസർ ശസ്ത്രക്രിയകളെ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയ കാൻസർ ചികിത്സാ രീതികളിലെ നൂതനമായ പുരോഗതിയും രോഗികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പ്രതിസന്ധി മറികടക്കാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ

ഈ ഗുരുതരമായ പ്രതിസന്ധിയെ മറികടക്കാൻ ലോകാരോഗ്യ സംഘടന പ്രധാനമായും മൂന്ന് നിർദ്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്:

മികച്ച ശേഷി കെട്ടിപ്പടുക്കുക: സാർവത്രിക ആരോഗ്യ പരിരക്ഷയിൽ കാൻസർ നിയന്ത്രണവും ചികിത്സയും നിർബന്ധമായും ഉൾപ്പെടുത്തുക.

മികച്ച സംരക്ഷണം ഉറപ്പാക്കുക: രോഗ ബാധിതരായ വ്യക്തികളെയും അവരുടെ ജീവിത അനുഭവങ്ങളെയും കേന്ദ്രീകരിച്ച് ആരോഗ്യ സംവിധാനങ്ങൾ പുനർനിർമ്മിക്കുക.

മികച്ച മൂല്യം സൃഷ്ടിക്കുക: കാൻസർ ഗവേഷണങ്ങൾക്കും പുതിയ കണ്ടുപിടുത്തങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുകയും അതിനായി ഫണ്ട് ചിലവഴിക്കുകയും ചെയ്യുക.

വ്യക്തിപരമായ മുൻകരുതലുകൾ പ്രധാനം

ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും ശാരീരിക വ്യായാമത്തിനായി മാറ്റിവെക്കുക എന്നത് എല്ലാവരും ഒരു ശീലമാക്കണം. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും ചുവന്ന മാംസത്തിന്റെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം.

വരാനിരിക്കുന്ന വലിയൊരു വിപത്തിനെക്കുറിച്ചുള്ള അപായമണിയാണ് ഈ പുതിയ റിപ്പോർട്ട്. ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കുന്നതിനോടൊപ്പം, കൃത്യമായ ഇടവേളകളിലുള്ള വൈദ്യപരിശോധനകളിലൂടെ രോഗത്തെ തുടക്കത്തിൽ തന്നെ തടഞ്ഞുനിർത്താൻ സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *