സിഡ്നി: ഓസ്‌ട്രേലിയയിലെ ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ ആൻഡ് കെയർ (ECEC) മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി നിർബന്ധിത സുരക്ഷാ പരിശീലനത്തിന്റെ (Mandatory Child Safety Training) അടുത്ത ഘട്ടം ജൂലൈ 31 മുതൽ ആരംഭിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജീവനക്കാരുടെ ഫോൺ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ നടപടികളാണ് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ നടപ്പിലാക്കുന്നത്.
നേരത്തെ നടപ്പിലാക്കിയ പരിശീലനത്തിന്റെ ആദ്യ ഘട്ടമായ ‘ഫൗണ്ടേഷൻ ട്രെയിനിംഗ്’ രാജ്യത്തെ 99 ശതമാനത്തിലധികം ജീവനക്കാരും പൂർത്തിയാക്കിയതായി ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ അറിയിച്ചു. തുടർന്ന് ആരംഭിക്കുന്ന പുതിയ ഘട്ടത്തിൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ഗ്രൂമിംഗും (detecting grooming) എങ്ങനെ മുൻകൂട്ടി തിരിച്ചറിയാമെന്നും റിപ്പോർട്ട് ചെയ്യാമെന്നതുമാണ് പ്രധാനമായും പരിശീലിപ്പിക്കുന്നത്. ഈ ഘട്ടം പൂർത്തിയാക്കാൻ ജീവനക്കാർക്ക് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷയിൽ ഗുരുതര വീഴ്ച വരുത്തുന്ന ചൈൽഡ് കെയർ സെന്ററുകൾക്കുള്ള സർക്കാർ ഫണ്ടിംഗ് അടിയന്തരമായി റദ്ദാക്കാനുള്ള കർശന നിയമങ്ങൾ ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ട്. കൂടാതെ, പുതിയ നാഷണൽ ഏർലി ചൈൽഡ്ഹുഡ് വർക്കർ രജിസ്റ്റർ, സെന്ററുകളിലെ സി.സി.ടി.വി. പരിശോധനകൾ, ജീവനക്കാരുടെ വ്യക്തിഗത ഫോൺ ഉപയോഗത്തിനുള്ള വിലക്ക്, അധികൃതരുടെ മിന്നൽ പരിശോധനകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സുരക്ഷാ പാക്കേജ്.
നിർബന്ധിത പരിശീലനങ്ങൾ പൂർത്തിയാക്കാൻ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രതിവർഷം 40 മില്യൺ ഡോളർ വരെ സർക്കാർ ചിലവഴിക്കുന്നുണ്ട്. നിലവിലുള്ള ചൈൽഡ് കെയർ സബ്സിഡി വഴിയാണ് തുക ലഭ്യമാക്കുന്നത്. സുരക്ഷിതമായ അന്തരീക്ഷത്തിൽ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഈ സുരക്ഷാ പരിശീലനം ജീവനക്കാരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ജെസ് വാൽഷ് വ്യക്തമാക്കി.

