സിഡ്നി: തെക്കുപടിഞ്ഞാറൻ സിഡ്നി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘മക്കാർതർ സോളാർ’ എന്ന സ്ഥാപനം ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ഉപഭോക്താക്കൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സെപ്റ്റംബർ 9-നാണ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചത്. 79-ലധികം അൺസെക്യൂർഡ് ക്രെഡിറ്റേഴ്സിനായി ഏകദേശം 3.4 മില്യൺ ഡോളറിന്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.
ഫെഡറൽ സർക്കാരിന്റെ ‘ചീപ്പർ ഹോം ബാറ്ററീസ്’ പദ്ധതിയുടെ പേരിൽ ഓർഡറുകൾ സ്വീകരിച്ച കമ്പനി, ഉപഭോക്താക്കളിൽ നിന്ന് 1,500 മുതൽ 17,600 ഡോളർ വരെ അഡ്വാൻസ് തുകയായി കൈപ്പറ്റിയിരുന്നു. ചിലരിൽ നിന്ന് തുകയുടെ 50 ശതമാനം വരെ മുൻകൂറായി ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ 50 ശതമാനം മുൻകൂർ തുക വാങ്ങുന്നത് വ്യവസായ രംഗത്ത് ഗുരുതരമായ തട്ടിപ്പ് ലക്ഷണമാണെന്ന് സോളാർ ചോയ്സ് സിഇഒ ജെഫ് സൈക്സ് ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റിൽ സ്ഥാപനത്തിലെത്തിയ ഒരു ഉപഭോക്താവിന് ഓഫീസ് പൂട്ടിക്കിടക്കുന്ന നിലയിലാണ് കാണാനായത്.
സർക്കാർ സബ്സിഡി പദ്ധതിയുടെ മറവിൽ സാധാരണക്കാർക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഫെഡറൽ ബാറ്ററി റിബേറ്റ് സ്കീമിൽ കർശന നിയന്ത്രണങ്ങളും ഉപഭോക്തൃ സുരക്ഷാ മുൻകരുതലുകളും ഏർപ്പെടുത്തണമെന്ന് ഉപഭോക്തൃ സംരക്ഷണ പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികരണമാരാഞ്ഞ് എബിസി കമ്പനി സ്ഥാപകൻ മാത്യു കോക്സിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. സർക്കാർ ആനുകൂല്യമുള്ള ഇത്തരം പദ്ധതികളിൽ സബ്സിഡി നൽകുന്നതിന് മുൻപായി അഡ്വാൻസ് തുകയ്ക്ക് പരിധി നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

