മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ പോലീസ് ഇനി മുതൽ എത്തില്ല; നഴ്സുമാരെ അയക്കാൻ ന്യൂ സൗത്ത് വെയിൽസ്

സിഡ്നി: മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ (Mental Health Emergencies) പോലീസിന് പകരം വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരെ അയക്കാൻ ന്യൂ സൗത്ത് വെയിൽസ് (NSW) സർക്കാർ തീരുമാനിച്ചു. പോലീസ് നടപടിക്കിടെ ഉണ്ടായ നിരവധി മരണങ്ങളെ തുടർന്ന് ഉയർന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് സംസ്ഥാന സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.

ട്രിപ്പിൾ സീറോ (000) എമർജൻസി കോളുകൾ വേർതിരിച്ച് കൈകാര്യം ചെയ്യുന്നതിന് (Triage) 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക മാനസികാരോഗ്യ വിദഗ്ധരുടെ ടീം നിലവിൽ വരും. ഇതിനായി 10 വർഷത്തേക്ക് 270 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ബജറ്റിൽ വകയിരുത്തിയതായി മാനസികാരോഗ്യ മന്ത്രി റോസ് ജാക്സണും പോലീസ് മന്ത്രി യാസ്മിൻ കാറ്റ്‌ലിയും അറിയിച്ചു. പ്രഥമവിവര ദാതാക്കളായ ആംബുലൻസ് സംഘത്തിന് തത്സമയം ക്ലിനിക്കൽ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കുന്ന ഹബ്ബും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

പാരാമെഡിക്കും മാനസികാരോഗ്യ വിദഗ്ദ്ധയായ നഴ്സും അടങ്ങുന്ന 8 പുതിയ ഹെൽത്ത് ടീമുകൾ ഇത്തരം കോളുകളിൽ നേരിട്ടെത്തി ചികിത്സയും സഹായവും ഉറപ്പാക്കും. എന്നാൽ ആദ്യഘട്ടത്തിൽ ഈ ഹെൽത്ത് ടീം സേവനം ദിവസത്തിൽ 12 മണിക്കൂർ മാത്രവും ചില പ്രത്യേക മേഖലകളിൽ മാത്രവുമായിരിക്കും ലഭ്യമാകുക. 12 മണിക്കൂറിന് ശേഷമുള്ള സമയങ്ങളിൽ നിലവിലുള്ള പോലീസോ അല്ലെങ്കിൽ ‘പേസർ’ (PACER) ടീമോ ആയിരിക്കും പ്രതികരിക്കുക. ഭാവിയിൽ പദ്ധതി സംസ്ഥാനത്തുടനീളം വിപുലീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സുരക്ഷാ ഭീഷണിയോ ആയുധങ്ങളോ ഉള്ള സാഹചര്യങ്ങളിൽ പോലീസ് തന്നെയായിരിക്കും പ്രാഥമികമായി ഇടപെടുക. ബ്രിട്ടനിൽ വിജയകരമായി നടപ്പിലാക്കിയ ‘റൈറ്റ് പേഴ്സൺ, റൈറ്റ് കെയർ’ (Right Person, Right Care) മാതൃകയെ മുൻനിർത്തിയാണ് ഓസ്‌ട്രേലിയയിലും പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. 2023 ജൂലൈയിൽ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് പോലീസിന്റെ വെടിയേറ്റ് മരിച്ച ജെസ്സി ഡീക്കൻ ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങളും മനുഷ്യാവകാശ പ്രവർത്തകരും സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *