ഉയർന്ന ഉപയോഗത്തിലും വൈദ്യുതി നിയന്ത്രണമില്ലാതെ സംസ്ഥാനം; പവർ എക്സ്ചേഞ്ചും അന്തർസംസ്ഥാന കൈമാറ്റവും തുണയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയ വെള്ളിയാഴ്ച (25.09.2026) ലോഡ്ഷെഡ്ഡിംഗോ മറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ വൈദ്യുതി വിതരണം സുഗമമായി പൂർത്തിയാക്കി കെ.എസ്.ഇ.ബി. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത മെച്ചപ്പെട്ടതും ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അധിക വൈദ്യുതിയും പീക്ക് സമയങ്ങളിൽ തുണയായതോടെയാണ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാനായത്.

പ്രതിസന്ധി മറികടക്കാൻ കെ.എസ്.ഇ.ബി നടത്തിയ ഊർജ്ജിതമായ ശ്രമങ്ങളെത്തുടർന്ന് ആന്ധ്രാപ്രദേശിലെ എ.പി.സി.പി.ഡി.സി.എല്ലിൽ (APCPDCL) നിന്ന് 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കിയിരുന്നു. കൂടാതെ മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വ്യവസ്ഥ പ്രകാരം പീക്ക് സമയങ്ങളിൽ 200 മെഗാവാട്ട് വൈദ്യുതിയും സംസ്ഥാനത്തിന് ലഭിച്ചു.

വെള്ളിയാഴ്ച സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 93.34 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ ആഭ്യന്തര ഉത്പാദനം 07.92 ദശലക്ഷം യൂണിറ്റും പുറത്തുനിന്നുള്ള ഇറക്കുമതി 85.42 ദശലക്ഷം യൂണിറ്റുമായിരുന്നു. രാത്രി 7.30-ഓടെയാണ് ഏറ്റവും ഉയർന്ന ആവശ്യകത (പീക്ക് ഡിമാൻഡ്) അനുഭവപ്പെട്ടത്; 4853 മെഗാവാട്ടായിരുന്നു ഈ സമയത്തെ ആവശ്യം. നിലവിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ 61.78 ശതമാനം വെള്ളം മാത്രമാണുള്ളത്. മുൻവർഷം ഇതേ ദിവസം ഇത് 77.20 ശതമാനമായിരുന്നു. അണക്കെട്ടുകളിൽ വെള്ളം താരതമ്യേന കുറവാണെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ബോർഡിന് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *