കൊച്ചി:കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങളും കടലിനടിയിലുള്ള കണ്ടെയ്‌നറുകളും സാങ്കേതികമായി പരിശോധിക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ സഹായം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് (DG Shipping/DGMA) തേടി. കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
കപ്പൽ അവശിഷ്ടങ്ങൾ പരിസ്ഥിതിക്കോ സമുദ്രഗതാഗതത്തിനോ ഭീഷണിയുണ്ടാക്കുന്നുണ്ടോ, കൂടുതൽ സുരക്ഷാ നടപടികൾ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിനായാണ് നാവികസേനയുടെ ആഴക്കടൽ സാങ്കേതിക വിദഗ്ധരുടെ സഹായം അഭ്യർഥിച്ചിരിക്കുന്നത്. പരിശോധനാഫലം കോടതിയിൽ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
2025 മെയ് മാസത്തിൽ കേരള തീരത്തിന് സമീപം മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് പരിസ്ഥിതി നാശം, നഷ്ടപരിഹാരം, കപ്പൽ മുങ്ങാൻ കാരണമായ സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച വിവിധ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് തുടരുകയാണ്.

