ച വാഷിങ്ടൺ: ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിച്ച് ഭാവിയിലെ സ്ഥിരം ബഹിരാകാശ കേന്ദ്രങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതികളുമായി യുഎസും ചൈനയും റഷ്യയും മുന്നോട്ട്. 2030കളിൽ ചന്ദ്രനിൽ ആണവോർജ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പദ്ധതികളാണ് മൂന്നു രാജ്യങ്ങളും പരിഗണിക്കുന്നത്.
2030നകം റിയാക്ടർ തയ്യാറാക്കുകയാണ് യുഎസ് ലക്ഷ്യം. നാസയും യുഎസ് ഊർജവകുപ്പും ചന്ദ്രോപരിതലത്തിൽ ഉപയോഗിക്കാവുന്ന ഫിഷൻ പവർ സംവിധാനത്തിന്റെ ഗവേഷണ-വികസനത്തിനായി സഹകരണം ശക്തമാക്കിയിട്ടുണ്ട്. 2030ഓടെ ചന്ദ്രനിലേക്ക് വിക്ഷേപിക്കാൻ റിയാക്ടർ തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് ഇരുസ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലെ ഭാവി ദൗത്യങ്ങൾക്കും സ്ഥിരം സാന്നിധ്യത്തിനും തുടർച്ചയായ വൈദ്യുതി ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൗരോർജത്തിൽനിന്ന് വ്യത്യസ്തമായി, ആണവ റിയാക്ടറുകൾക്ക് സൂര്യപ്രകാശത്തെ ആശ്രയിക്കാതെ തുടർച്ചയായി വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നതാണ് പ്രധാന നേട്ടം.
അതേസമയം ചൈനയും റഷ്യയും സംയുക്തമായാണ് പദ്ധതിയുമായി മുന്നേറുന്നത്. 2030കളുടെ മധ്യത്തോടെ ചന്ദ്രനിൽ ആണവ വൈദ്യുതിനിലയം സ്ഥാപിക്കുന്നതിനുള്ള സഹകരണമാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. ചൈനയുടെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് ഇത് പരിഗണിക്കുന്നത്.
ചന്ദ്രനിലെ ദീർഘകാല പര്യവേക്ഷണം, ജലമഞ്ഞ് ഉൾപ്പെടെയുള്ള വിഭവങ്ങളുടെ പഠനം, ഭാവിയിലെ ചന്ദ്രകേന്ദ്രങ്ങൾ, പിന്നീട് ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾ എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ആണവോർജത്തിന് നിർണായക പങ്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. യുഎസ് 2030നകം മുന്നിലെത്താൻ ശ്രമിക്കുന്നതിനിടെ ചൈന–റഷ്യ സഖ്യം 2030കളുടെ മധ്യത്തോടെ സമാന ശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
എന്നാൽ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കുന്നത് സാങ്കേതികവും സുരക്ഷാപരവും നിയമപരവുമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. വിക്ഷേപണ ഘട്ടത്തിലെ അപകടസാധ്യത, റിയാക്ടറിന്റെ സുരക്ഷിത പ്രവർത്തനം, ചന്ദ്രോപരിതലത്തിലെ റേഡിയോ ആക്ടീവ് വസ്തുക്കളുടെ നിയന്ത്രണം എന്നിവ സംബന്ധിച്ച ആശങ്കകളും വിദഗ്ധർ ഉന്നയിക്കുന്നുണ്ട്.

