ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിൽ അജ്ഞാത വസ്തു പതിച്ചു; ജീവനക്കാർ സുരക്ഷിതർ

മസ്‌കറ്റ്:ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ചരക്കുകപ്പലിൽ അജ്ഞാത വസ്തു പതിച്ച് കേടുപാടുകൾ സംഭവിച്ചതായി ബ്രിട്ടന്റെ സമുദ്രസുരക്ഷാ ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. കപ്പലിന്റെ വലതുവശത്ത് (സ്റ്റാർബോർഡ്) പതിച്ച വസ്തുവിനെ തുടർന്ന് ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും പരിസ്ഥിതി മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംഭവം ഒമാൻ തീരത്തിന് സമീപമുള്ള സമുദ്രമേഖലയിലാണ് ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ ഏത് തരത്തിലുള്ള വസ്തുവാണ് കപ്പലിൽ പതിച്ചതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് UKMTO അറിയിച്ചു.

പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിനും ഒമാൻ തീരത്തിനും സമീപമുള്ള സമുദ്രമേഖലകളിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷാ ജാഗ്രത തുടരുകയാണ്. സമുദ്രഗതാഗത കമ്പനികൾക്ക് അതീവ ജാഗ്രത പാലിക്കാനും സംശയാസ്പദമായ സംഭവങ്ങൾ ഉടൻ അധികൃതരെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *