മഴക്കെടുതി, മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും നിലവിലെ അവസ്ഥ വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവ്വഹിക്കും.

മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായി ഫോണിൽ സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലാ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

അതേസമയം, രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും തിരച്ചിലിനായി സ്ഥലത്തുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *