ലിമ: തെക്കൻ പെറുവിലെ നാസ്ക ലൈൻസ് (Nazca Lines) സന്ദർശിക്കുന്നതിനായുള്ള വിനോദസഞ്ചാര വിമാനയാത്രയ്ക്കിടെ ചെറുവിമാനം തകർന്നുവീണ് 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 11 വിനോദസഞ്ചാരികളും രണ്ട് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടതായി പെറു അധികൃതർ അറിയിച്ചു.
പിസ്കോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സെസ്ന ഗ്രാൻഡ് കരവാൻ വിമാനം നാസ്ക ലൈൻസ് പ്രദേശത്തിന് സമീപം അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ റഡാർ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് നാസ്ക നഗരത്തിന് സമീപമുള്ള പ്രദേശത്ത് വിമാനം തകർന്നുവീഴുകയും തീപിടിക്കുകയുമായിരുന്നു.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പെറുവിലെ വ്യോമാപകട അന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട നാസ്ക ലൈൻസ് സന്ദർശിക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ചെറുവിമാന സർവീസുകൾ ഉപയോഗിക്കുന്ന പ്രദേശമാണിത്.

