പ്ലേഗ് ഗവേഷകയുടെ മരണം: കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന് റഷ്യയോട് യുഎസ്

വാഷിങ്ടൺ: സൈബീരിയയിലെ പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ദുരൂഹമരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യുഎസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് സംഭവത്തിൽ റഷ്യ കൂടുതൽ വിശദീകരണം നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കിയത്. സ്ഥിതിഗതികൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

സൈബീരിയയിലെ ഇർക്കുത്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ 28കാരിയായ ജീവനക്കാരിയാണ് ഒക്ടോബർ രണ്ടിന് ന്യൂമോണിയ ബാധിച്ച് മരിച്ചത്. രോഗത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റഷ്യൻ ആരോഗ്യ അധികൃതരുടെ വിശദീകരണം. മരണം പ്ലേഗ് ബാധ മൂലമാണെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

മരിച്ച ജീവനക്കാരിയുമായി സമ്പർക്കം പുലർത്തിയിരുന്ന ഏകദേശം 200 പേരെ നിരീക്ഷണത്തിലാക്കി. എന്നാൽ ഇവരിൽ ആർക്കും ഇതുവരെ പ്ലേഗ് സ്ഥിരീകരിച്ചിട്ടില്ലെന്ന് റഷ്യൻ ആരോഗ്യ നിരീക്ഷണ ഏജൻസിയായ റൊസ്പോട്രെബ്നാഡ്സോർ അറിയിച്ചു. മരിച്ചയാളുടെ ശരീരത്തിൽ അവൾ ജോലി ചെയ്തിരുന്ന രോഗാണുക്കളുമായി ബന്ധപ്പെട്ട സൂക്ഷ്മജീവികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.

സംഭവത്തിൽ ലോകാരോഗ്യ സംഘടനയും റഷ്യൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇർക്കുത്സ്കിൽ പ്ലേഗ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് റഷ്യ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. അതേസമയം, മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകാത്ത സാഹചര്യത്തിലാണ് രാജ്യാന്തരതലത്തിൽ ജാഗ്രത തുടരുന്നത്.

റഷ്യ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കേണ്ടതുണ്ടെന്ന് റൂബിയോ പറഞ്ഞു. സാഹചര്യം കൂടുതൽ ഗുരുതരമാണെന്ന് സ്ഥിരീകരിക്കുകയാണെങ്കിൽ റഷ്യയെ സഹായിക്കാനുള്ള നടപടികൾ യുഎസിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ആരോഗ്യ ഏജൻസിയാണ് സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതെന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൂടുതൽ വിശദീകരണം നൽകുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *