വാഷിങ്ടൺ: ഇറാനെതിരേ ആസൂത്രണം ചെയ്തിരുന്ന സൈനിക നടപടി തൽക്കാലം നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെടുന്ന സമാധാന ധാരണയുടെ അടിസ്ഥാനരൂപത്തിൽ പുരോഗതി ഉണ്ടായെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും നയതന്ത്രശ്രമങ്ങൾ തുടരണമെന്ന് അഭ്യർഥിച്ചതിനെ തുടർന്നാണ് സൈനിക നടപടി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായാൽ സൈനിക നടപടി പുനരാരംഭിക്കാൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ് പരാമർശിച്ച ധാരണയോ അതിന്റെ വിശദാംശങ്ങളോ സംബന്ധിച്ച് ഇറാൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. മേഖലയിലെ സംഘർഷാവസ്ഥ പൂർണമായി അവസാനിച്ചിട്ടില്ലെന്നും നയതന്ത്ര ചർച്ചകൾ എങ്ങനെ മുന്നോട്ടുപോകുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

