ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയുടെ അടുത്ത ഇറാൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ വിശ്വേഷ് നെഗിയെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ വിശ്വേഷ് നെഗി 2002 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഉടൻ തന്നെ ടെഹ്റാനിൽ ചുമതലയേൽക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഇറാനിലെ നിലവിലെ ഇന്ത്യൻ അംബാസഡറായിരുന്ന രുദ്ര ഗൗരവ് ശ്രേഷ്ഠയെ തുർക്കിയിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
അമേരിക്ക–ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും തുടരുന്ന സാഹചര്യത്തിലാണ് ഈ നിയമനം. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യ, പ്രശ്നപരിഹാരത്തിന് സംഭാഷണത്തിനും നയതന്ത്രത്തിനുമാണ് മുൻഗണന നൽകുന്നതെന്ന നിലപാട് ആവർത്തിച്ചുവരികയാണ്.

