അമേരിക്കയിലെ 25 സംസ്ഥാനങ്ങൾ ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയിൽ; സെക്ഷൻ 301 തീരുവകൾ ചോദ്യം ചെയ്ത് കേസ്

വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം സെക്ഷൻ 301 പ്രകാരം അടുത്തിടെ ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾക്കെതിരെ 25 അമേരിക്കൻ സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. ന്യൂയോർക്കിലെ യു.എസ്. കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ സമർപ്പിച്ച ഹർജിയിൽ, പുതിയ തീരുവകൾ പ്രസിഡന്റിന്റെ നിയമപരമായ അധികാരപരിധി ലംഘിക്കുന്നതാണെന്ന് സംസ്ഥാനങ്ങൾ ആരോപിക്കുന്നു.

59 രാജ്യങ്ങളിലെയും യൂറോപ്യൻ യൂണിയനിലെയും ഇറക്കുമതികൾക്ക് 10 മുതൽ 12.5 ശതമാനം വരെ തീരുവ ചുമത്തിയ നടപടി, സുപ്രീംകോടതി നേരത്തെ അസാധുവാക്കിയ തീരുവകൾ മറ്റൊരു നിയമത്തിന്റെ മറവിൽ വീണ്ടും നടപ്പാക്കാനുള്ള ശ്രമമാണെന്നാണ് ഹർജിക്കാരുടെ വാദം. ഭരണകൂടം നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കെതിരായ നടപടിയെന്ന നിലയിലാണ് തീരുവ ന്യായീകരിച്ചിരിക്കുന്നത്.

ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ, ഈ തീരുവകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഇതിനകം ഈടാക്കിയ തീരുവകൾ തിരികെ നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ വിഷയത്തിൽ ചെറുകിട വ്യാപാരികളും പ്രത്യേക ഹർജി നൽകിയിട്ടുണ്ട്.

അതേസമയം, സെക്ഷൻ 301 പ്രകാരമുള്ള നടപടി നിയമപരമാണെന്നും അമേരിക്കൻ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നടപടിയാണെന്നും ട്രംപ് ഭരണകൂടം നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *