പേരാമ്പ്ര: സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര ബസ് സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ബസിലാണ് സംഭവം. പേരാമ്പ്ര–വടകര റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കിഴക്കയിൽ ശങ്കരന്റെയും ദേവിയുടെയും മകനുമായ ഹരീഷ് (മോനൂട്ടൻ – 40) ആണ് മരിച്ചത്.
പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയമായിട്ടും എത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യ ആതിര ഹരീഷിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ വിളിച്ചിട്ട് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചെ 5.45 ഓടെ സഹോദരൻ പ്രജീഷ് ബസ് സ്റ്റാൻഡിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ബസിന്റെ പിൻവാതിലിനോട് ചേർന്ന് ഹരീഷിനെ തൂങ്ങിയ നിലയിൽ കണ്ടത്.
തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പേരാമ്പ്ര ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
ഭാര്യ: ആതിര. മക്കൾ: തന്മയ, ആലിയ (ഇരുവരും വിദ്യാർഥികൾ). സഹോദരൻ പ്രജീഷും സ്വകാര്യ ബസ് ഡ്രൈവറാണ്.

