സിഡ്നി: ചെലവുകൾ ചുരുക്കുന്നതിന്റെയും നിർമ്മിത ബുദ്ധി (എ.ഐ) അധിഷ്ഠിത പുനഃസംഘടനയുടെയും ഭാഗമായി ആയിരത്തോളം തസ്തികകൾ ഇന്ത്യയിലേക്ക് ഔട്ട്‌സോഴ്സ് ചെയ്യാൻ ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാന്റാസ് (Qantas) ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ‘പ്രോജക്ട് ഐ.ക്യു’ (Project IQ) എന്ന പദ്ധതിക്ക് കീഴിൽ കമ്പനിയുടെ മാർക്കറ്റിംഗ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ് (എച്ച്.ആർ), മറ്റ് ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ എന്നിവ ഔട്ട്‌സോഴ്സ് ചെയ്യാനാണ് നീക്കമെന്ന് ‘ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ’ റിപ്പോർട്ട് ചെയ്തു.
വിഷയത്തിൽ പ്രാഥമിക ഘട്ട ചർച്ചകൾ നടക്കുന്നുണ്ടെന്ന് ക്വാന്റാസ് സ്ഥിരീകരിച്ചു. ആധുനിക സാങ്കേതികവിദ്യയും എ.ഐയും പ്രയോജനപ്പെടുത്തി കമ്പനിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും എന്നാൽ നിലവിൽ അന്തിമ കരാറുകളിലൊന്നും ഒപ്പുവെച്ചിട്ടില്ലെന്നും ക്വാന്റാസ് വക്താവ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ തൊഴിലവസരങ്ങൾ നിലനിർത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ആയിരക്കണക്കിന് പുതിയ തസ്തികകൾ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.
അതേസമയം, ജോലി വിദേശത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ഓസ്‌ട്രേലിയൻ സർവീസസ് യൂണിയൻ (ASU) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഓസ്‌ട്രേലിയൻ തൊഴിലവസരങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകില്ലെന്ന വാക്ക് പാലിക്കാൻ കമ്പനി തയ്യാറാകണമെന്ന് എ.എസ്.യു അസിസ്റ്റന്റ് നാഷണൽ സെക്രട്ടറി സ്കോട്ട് കൗവൺ ആവശ്യപ്പെട്ടു.
2020-ൽ 1,820 ഗ്രൗണ്ട് ജീവനക്കാരെ ക്വാന്റാസ് അനധികൃതമായി പിരിച്ചുവിട്ട സംഭവത്തിൽ ഫെഡറൽ കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. കരാർ ചർച്ചകൾ തടയാനാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കണ്ടെത്തിയ കോടതി കമ്പനിക്ക് 90 ദശലക്ഷം ഡോളർ പിഴയും 120 ദശലക്ഷം ഡോളർ നഷ്ടപരിഹാരവും ചുമത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ കമ്പനിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനാണ് അന്ന് കടുത്ത തീരുമാനങ്ങൾ എടുത്തതെന്ന് മുൻ സി.ഇ.ഒ അലൻ ജോയ്സ് പ്രതികരിച്ചു.

