അടിയന്തര സാഹചര്യമില്ലെങ്കിൽ ആശുപത്രി ഒഴിവാക്കുക; ന്യൂ സൗത്ത് വെയിൽസിൽ മുന്നറിയിപ്പ്

സിഡ്നി: ശൈത്യകാലത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിലെ (NSW) ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിരൂക്ഷമായ ഈ തിരക്ക് നിയന്ത്രിക്കുന്നതിനായി മിൻസ് സർക്കാർ പ്രത്യേക ‘ഹെൽത്ത് സിസ്റ്റം ഓപ്പറേഷൻസ് കമാൻഡ് സെന്റർ’ (Health System Operations Command Centre) പ്രവർത്തനസജ്ജമാക്കി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി വിഭാഗങ്ങളെ ആശ്രയിക്കരുതെന്ന് ജനങ്ങൾക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ (ED) എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പനി, ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ കാരണം 10 വയസ്സിന് താഴെയുള്ള കുട്ടികളടക്കം നിരവധി പേരാണ് പ്രതിദിനം ചികിത്സ തേടിയെത്തുന്നത്.

എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലെ തിരക്ക് തത്സമയം വിലയിരുത്തി ജീവാപായമില്ലാത്ത രോഗികളെ സുരക്ഷിതമായി ഒഴിവുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് എൻ.എസ്.ഡബ്ല്യു ഹെൽത്ത് സെക്രട്ടറി സൂസൻ പിയേഴ്സ് വ്യക്തമാക്കി. സംസ്ഥാനത്തെ 17 ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റുകളുമായും എൻ.എസ്.ഡബ്ല്യു ആംബുലൻസുമായും ചേർന്നാണ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നത്. കൂടാതെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 32 പുതിയ ആശുപത്രികൾക്കും കൂടുതൽ കിടക്കകൾക്കുമായി 11.9 ബില്യൺ ഡോളറിന്റെ വികസന പദ്ധതികളും സർക്കാർ നടത്തുന്നുണ്ട്.

അതേസമയം ജീവാപായമില്ലാത്ത ആരോഗ്യ പ്രശ്നങ്ങളാണുള്ളതെങ്കിൽ 1800 022 222 എന്ന നമ്പറിൽ ഹെൽത്ത് ഡയറക്ടിലേക്ക് (healthdirect) വിളിക്കണമെന്ന് ആരോഗ്യമന്ത്രി റയാൻ പാർക്ക് നിർദേശിച്ചു. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും അത്യാവശ്യക്കാർക്ക് ഉടനടി ചികിത്സ ഉറപ്പാക്കാനും വെർച്വൽ കെയർ സേവനങ്ങളും അർജന്റ് കെയർ സെന്ററുകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *