സിഡ്നി ഹാർബർ ബ്രിഡ്ജിന് സമീപം തുടർച്ചയായി രണ്ട് വാഹനാപകടങ്ങൾ; ഗതാഗതം കടുത്ത പ്രതിസന്ധിയിൽ

സിഡ്നി: സിഡ്നി ഹാർബർ ബ്രിഡ്ജിന് സമീപം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനാപകടങ്ങൾ നടന്നു. മൂന്ന് പേർക്ക് പരിക്കേറ്റ ആദ്യ അപകടത്തിന് പിന്നാലെയാണ് രണ്ടാമത്തെ അപകടവും ഉണ്ടായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.12-നാണ് രണ്ട് കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ആദ്യ അപകടമുണ്ടായത്. വാഹനാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ മൂന്ന് പേരെയും അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്. നെഞ്ചികത്ത് പരിക്കേറ്റ 72-കാരനെ സെന്റ് വിൻസെന്റ് ആശുപത്രിയിലും നട്ടെല്ലിന് പരിക്കേറ്റ 76-കാരിയെയും നെഞ്ചിന് പരിക്കേറ്റ 88-കാരിയെയും റോയൽ നോർത്ത് ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തുടർന്ന് വൈകുന്നേരം 4.16-ന് ബ്രാഡ്‌ഫീൽഡ് ഹൈവേയിൽ ബൈക്കും കാറും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഇതിനിടയിൽ പാലത്തിന്റെ സൗത്ത്ബൗണ്ട് ലെയ്നിൽ മറ്റൊരു കാർ കേടായി വഴിയിൽ കിടന്നതും പ്രതിസന്ധി രൂക്ഷമാക്കി.

അപകടങ്ങളെ തുടർന്ന് മേഖലയിൽ മണിക്കൂറുകളോളം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പാലത്തിലൂടെയുള്ള ചില ബസ് സർവീസുകൾ 20 മിനിറ്റോളം വൈകിയതായി ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് സെന്റർ അറിയിച്ചു. യാത്രക്കാർ കൂടുതൽ സമയം കണക്കാക്കി വേണം പുറപ്പെടാനെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *