ബ്രിസ്‌ബെയ്ൻ: ക്വീൻസ്‌ലാൻഡിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി സർക്കാർ. വൻ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ബണ്ടബർഗ് ആശുപത്രിയുടെ നിർമ്മാണത്തിനുള്ള പ്രധാന കരാർ പ്രമുഖ നിർമ്മാണ കമ്പനിയായ സി.പി.ബി കോൺട്രാക്ടേഴ്‌സുമായി ഒപ്പുവെച്ചു.
ക്വീൻസ്‌ലാൻഡിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായാണ് പുതിയ ബണ്ടബർഗ് ആശുപത്രിയെ വിലയിരുത്തുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ടിം നിക്കോൾസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. 410-ലധികം കിടക്കകൾ, വിപുലീകരിച്ച എമർജൻസി ഡിപ്പാർട്ട്മെന്റ്, റൂഫ്‌ടോപ്പ് ഹെലിപാഡ് എന്നിവയുൾപ്പെടുന്ന ഒന്നാം ഘട്ടം 2031-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ ലേബർ സർക്കാരിന്റെ ‘സി.എഫ്.എം.ഇ.യു നികുതി’ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ ബാധ്യത ഒഴിവാക്കാൻ കഴിഞ്ഞതായി പുതിയ സർക്കാർ അവകാശപ്പെടുന്നു. മുൻ സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയും കാലതാമസവുമാണ് വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമായതെന്ന് സ്വതന്ത്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചെയ്തിരുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
ക്രിസാഫുല്ലി സർക്കാരിന്റെ ‘ഹോസ്പിറ്റൽ റെസ്‌ക്യൂ പ്ലാൻ’ പ്രകാരം പ്രാദേശിക ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ടിം നിക്കോൾസ് പറഞ്ഞു. വാഗ്ദാനങ്ങൾ മാത്രം നൽകിയ മുൻ സർക്കാരിന്റെ നയങ്ങളിൽ നിന്നുള്ള വലിയ മാറ്റമാണിതെന്ന് പ്രാദേശിക പ്രതിനിധി സ്റ്റീഫൻ ബെന്നറ്റും വ്യക്തമാക്കി.

